ചരിത്രം

കാലം

പഴയൊരു 'കോലെഴുത്തിൽ' നിന്നും ലഭിച്ചിരിക്കുന്ന സൂചന, തിരുവർകാട്ടുകാവിലെ ഭദ്രകാളി പ്രതിഷ്‌ഠ നടന്നത് എ.ഡി . 344 -ൽ ആണെന്നാണ് . അന്നത്തെ കോലത്തിരി ഒരു കേരളവർമ്മയാണെന്നും സൂചനയുണ്ട് . ഈ എ.ഡി.344 - ന് വളരെ ചരിത്രപ്രാധാന്യമുണ്ട് . പ്രത്രേകിച്ചും, പ്രതിഷ്‌ഠകർമം നടന്നിരിക്കുന്നത് മിഥുനമാസത്തിലാണെന്നുള്ളതുകൊണ്ട്, ഈ ചരിത്ര പശ്ചാത്തലം, പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവം മേലിൽ വിവരിക്കുമ്പോൾ വിശദീകരിക്കുന്നതാണ് .

ഉടമസ്ഥത

മാടായിക്കാവ് - തിരുവർകാട്ടുകാവ് ക്ഷേത്രം, ആദ്യ കാലത്ത് , മാടായിപ്പാറയുടെ അടുത്ത പ്രദേശമായ 'അടിത്തില 'യിലെ പ്രശസ്ത നായർ തറവാട്ടുകാരുടെ അധീനതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ തറവാട്ടുകാർ 'അഞ്ഞൂർ നായന്മാർ ' എന്നാണറിഞ്ഞിരുന്നത് . പിൽക്കാലത്ത് ചിറക്കൽ തമ്പുരാൻ ഈ ക്ഷേത്രത്തിന്റെ ആധിപത്യം ഏറ്റെടുത്തു . ഇന്ന് , ഈ ക്ഷേത്രത്തിൽ 'ചിറയ്ക്കൽ ദേവസ്വം ' വക എന്ന് എഴുതി വച്ചിരിക്കുന്നതു കാണാം.

ക്ഷേത്രം

'കിഴക്കേ നടയിൽ കിഴക്കേ അറ്റത്ത് പടർന്നു പന്തലിച്ച് തണൽ വിരിക്കുന്ന വടവ്യക്ഷം. വടക്കും തെക്കും പടിഞ്ഞാറും ഇടതൂർന്ന് വളരുന്ന കാട് . ഇവയ്ക്കിടയിൽ മാടായി ക്ഷേത്രം കിഴക്കഭിമുഖമായി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിൽ കടന്നാൽ മാടായി ക്ഷേത്രത്തിൽ ആദ്യം കാണുന്നത് ശിവന്റെ കോവിലാണ് . ഇത് ദീർഘചതുരാകൃതിയിലാണ്. ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപമുണ്ട് . നമസ്കാര മണ്ഡപത്തിൽ വടക്കു പടിഞ്ഞാറെ മൂലയിൽ ഒരു പീഠമുണ്ട് . അതിൽ പട്ട് വിരിച്ച് ഒരു വാൾ വച്ചിട്ടുണ്ട് . വെള്ളി കൊണ്ട് നിർമിതമായ തിരുവായുധമാണ് . സ്വർണം കൊണ്ട് നിർമിക്കപ്പെട്ട നാന്ദകവും ഉണ്ട്. ഉത്സവവേളകളിലും ചില പ്രത്യേക ആഘോഷ വേളകളിലും ഭഗവതിയുടെ ശീവേലി ബിംബം പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ നാന്ദകവും അതോടൊപ്പം എഴുന്നള്ളിക്കും . ദിവസവും അത്താഴപൂജ കഴിഞ്ഞാൽ നാന്ദകവും ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിക്കുന്നു . ഭഗവതിബിംബത്തോട് ചേർത്തു വച്ചിരിക്കുന്ന സ്വർണ്ണ നാന്ദകവും ഭഗവതിയോടൊപ്പം പൂജിക്കപ്പെട്ടുന്നു .

'ശിവന്റെ ശ്രീകോവിലിന് അൽപം തെക്കുമാറിയാണ് ഭദ്രകാളിയുടെ ഗർഭഗൃഹം . ശ്രീകോവിലിന്റെ മുഖം പടിഞ്ഞാറോട്ടാണ് . ദീർഘ ചതുരാകൃതിയാണ് . ശ്രീകോവിലിൽ മൂന്ന് വിഗ്രഹങ്ങളുണ്ട് . മാടായിക്കാവിലെ ഭദ്രകാളിയുടെ വിഗ്രഹം ആസനരൂപത്തിലാണ് . അതായത് ഇരിക്കുന്ന ദേവിയാണ് . സുവർണ പീഠത്തിലിരിക്കുന്ന ദേവീവിഗ്രഹത്തിന് എട്ടടിയോളം ( 240 സെ .മീ ) ഉയരമുണ്ട്. ദിവ്യായുധങ്ങൾ ധരിച്ച എട്ടു തൃക്കരങ്ങൾ , വളഞ്ഞ കിരീടം , ചെത്തിപൂമാല , ചുവന്ന പട്ട് , സ്വർണാഭരണ വിഭൂഷങ്ങൾ , വലതുകാൽ നിലത്തു കുത്തി , ഇടതുകാൽ ദാരികാസുരനെ ചവുട്ടി , ശുലം കൊണ്ടു വധിക്കുന്ന നിലയിലാണ് പ്രതിഷ്‌ഠ. വിഗ്രഹം നിർമിച്ചിരിക്കുന്നത് കടുശർക്കരയോഗത്തിലാണ് . ദേവിയുടെ മൂന്ന് തരത്തിലുള്ള വിഗ്രഹങ്ങളുണ്ട് .(1 ) കടുശർക്കരയോഗത്തിൽ തീർത്ത മൂലബിംബം (2 )ലോഹത്തിൽ തീർത്ത ശീവേലി ബിംബം (3 )അഭിഷേകത്തിനുള്ള അർച്ചനാബിംബം . ശ്രീവേലി ബിംബത്തിന് എട്ട് കൈകളുണ്ട് . എന്നാൽ മൂലബിംബത്തിന്റെ 'താമസ' ഭാവമല്ല ഇതിനുള്ളത് . ഭദ്രകാളിയുടെ ശ്രീകോവിലിന് കിഴക്കു പടിഞ്ഞാറ് ദീർഘചതുരത്തിലായി വടക്കോട്ട് മുഖമുള്ള ശ്രീകോവിലിലാണ് സപ്‌ത മാതൃക്കൾ . ഒപ്പം വീരഭദ്രനും ഗണപതിയും . ഈ വിഗ്രഹങ്ങൾക്ക് ഏതാണ്ട് ഏഴടി പൊക്കം വരും . ശ്രീകോവിലിന്റെ പിൻചുമരിൽ രണ്ട്‌ യക്ഷികൾ , ഭൈരവൻ , വേതാളം , വിമാനദേവതകൾ എന്നിവരുടെ ശില്പങ്ങളുണ്ട് . സപ്‌ത മാതൃക്കളുടെ വിഗ്രഹവും കടുശർക്കരയോഗത്തിൽ നിർമിച്ചവയാണ്.

മാടായിക്കാവ് ക്ഷേത്രത്തിൽ ദാരുശില്പങ്ങളുണ്ട് . നമസ്കാര മണ്ഡപത്തിന്റെ മേൽത്തട്ടിൽ ശുംഭശുംഭന്മാരുടെ കഥയാണ് കാണുന്നത് .

പൂജാരികൾ

'മാടായിക്കാവിലെ പൂജാരികൾ ശാകേതയ കർമങ്ങളുള്ള സവർണ ക്ഷേത്രങ്ങളിലെ പൂജാരിമാരായ 'പിടാരർ ' എന്നറിയപ്പെടുന്ന ' ശാകേതയ ' ബ്രാഹ്മണരാണ് . അടിച്ചു തളിക്കുന്നതും ബിംബാരാധനയ്ക്കാവശ്യമായ പൂക്കളൊരുക്കുന്നതും ഇവർ തന്നെ . മാല കോർക്കുവാനെത്തുന്നത് പയ്യന്നൂരിൽ നിന്നുള്ള നമ്പീശന്മാരാണ് . വാദ്യമൊരുക്കുന്നത് മാരാന്മാരാണ് . 'പിടാരന്മാർ ' പത്തില്ലത്തുകാരാണ് .ഇവരെ 'ശാകേതയ പൂജ ' നടത്താൻ പരശുരാമൻ നിയോഗിച്ചതാണെന്ന് ഐതിഹ്യം . മദ്യവും മാംസവും ഉപയോഗിച്ചുള്ള ശാകേതയ പൂജ നടത്തുന്ന ഇവർക്ക് മദ്യമാംസാദികൾ ഭക്ഷണത്തിനു നിഷിദ്ധമല്ല . ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകൾക്കും മദ്യത്തിനും മാംസത്തിനും പ്രമുഖസ്ഥാനമുണ്ട് . ജാതിശ്രേണിയിൽ താഴെയാണെങ്കിലും , ഉപനയനം , വേളി മുതലായ ഷോഡശസംസ്കാര ക്രിയകൾ പിടാരന്മാർക്കും ബാധകമാണ് . പുല പതിനൊന്നു ദിവസമാണ് . മാടായിക്കാവിലെ പിടാരന്മാർ 'പെരിഞ്ചേല്ലുർ ' (തളിപ്പറമ്പ് ) ഗ്രാമത്തിൽ നിന്നെത്തിയ നാല് ഇല്ലക്കാരാണ് . താഴത്ത് , നടുവിൽ , ആയിരംപള്ളി , ഇട്ടുമ്മൽ എന്നിവയാണ് ആ നാല് ഇല്ലക്കാർ . ഇവരെ കൂടാതെ കാണണം വീട് , പയ്യങ്ങം വീട് , പാപ്പിനി വീട് എന്ന് മൂന്ന് വീട്ടുകാർ . പിടാരൻ സമുദായത്തിൽപെട്ടവരാണെങ്കിലും ക്ഷേത്രത്തിലെ അടിച്ചുതളി നടത്തുന്നവരായതിനാൽ പൂജാരികളായ പിടാരന്മാരിൽ നിന്നും അൽപം താഴെയാണ്. പൂജാരികളിൽ വിശേഷാൽ പൂജ നടത്താൻ അധികാരമുള്ള 'മുത്ത പിടാരർ', അദ്ദേഹത്തെ സഹായിക്കുന്ന 'ഇളയ പിടാരർ ' , നിത്യപൂജാദികർമങ്ങൾ നടത്തുന്ന 'ശാന്തി' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ . ഓരോ മാസവും ഓരോ ഇല്ലക്കാർ എന്ന ക്രമത്തിൽ നാല് ഇല്ലക്കാരും പൂജ നടത്തുന്നു . ഓരോ ഇല്ലാക്കാരിലും മേൽ പറഞ്ഞ മൂന്ന് സ്ഥാനികളുണ്ട്' .

'മാടായിക്കാവിലെ ഭദ്രകാളിക്ക് 'രക്തതർപ്പണം ' ഉണ്ട്. കോഴി ബലിയാണ് മുഖൃം. ക്ഷേത്ര പരിസരത്ത് വച്ചുതന്നെ മാംസം പാകം ചെയ്ത് ഭക്തജനങ്ങൾക്ക് നിവേദ്യമായി നൽകുന്നു . ഒൗദേൃാഗികമായി ജന്തുബലിയിലൂടെയുള്ള രക്തതർപ്പണം പൂർണമായും സർക്കാർ നിരോധിച്ചിട്ടുണ്ട്'

.

കൊല്ലത്തിൽ ഒരു തവണ ബ്രാഹ്മണ പൂജയുണ്ട്. മാടായിക്കാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം 'കാട്ടുമാടം ' നമ്പൂതിരിമാർക്കാണ് . കൊല്ലത്തിൽ ഒരു തവണ പൂജ നടത്തുന്നത് അവരാണ് . മിഥുനമാസത്തിൽ 13 , പ്രതിഷ്‌ഠാദിനത്തും നാൾ മാത്രം കാട്ടുമാടം നമ്പൂതിരി പൂജ നടത്തുന്നു. പിടാരന്മാരുടെ രാവിലത്തെ പൂജ കഴിഞ്ഞാൽ , ക്ഷേത്രം അടിച്ചു തളിച്ച് വ്യത്തിയാക്കുന്നു . അതിനുശേഷം കാട്ടുമാടം നമ്പൂതിരിയും അദ്ദേഹത്തിന്റെ പരികർമികളും ക്ഷേത്രത്തിൽ പ്രവേശിക്കുകയും പൂജകൾ നടത്തുകയും ചെയ്യുന്നു . പിന്നീട് ഉച്ചപൂജ കഴിഞ്ഞ്, കാട്ടുമാടം തിരികെ പോകുന്നു . പറഞ്ഞു കേൾക്കുന്നതിൽ നിന്നും മനസ്സിലാകുന്നത് , ക്ഷേത്രപ്രതിഷ്‌ഠ നടത്തിയ തന്ത്രി 'തരണനല്ലൂർ ' നമ്പൂതിരിപ്പാടാണെന്നാണ്. എന്തോ കാരണവശാൽ , ഒരു വർഷം പ്രതിഷ്‌ഠാദിനത്തിൽ അവർക്കെത്താൻ സാധിച്ചില്ല . അതു കാരണം അവർ തന്ത്രം കാട്ടുമാടത്തിനെ ഏൽപിക്കുകയും അതു തുടരുകയും ചെയ്തു. പ്രതിഷ്‌ഠാ ദിവസം , തരണനല്ലൂർ വരികയാണെങ്കിൽ , കാട്ടുമാടം തന്ത്രം ഒഴിഞ്ഞുകൊടുക്കേണ്ടി വരും . അക്കാരണത്താലാണ് കാട്ടുമാടം തന്ത്രി 'കൈവട്ട് ' എടുക്കാറില്ല എന്ന് പറയുന്നത് .