ഐതീഹ്യം

കോലത്തുനാട് ശതസോമൻ എന്ന രാജാവ് ഭരിക്കുന്ന കാലം . അദ്ദേഹത്തിന്റെ ഭരണം കുറെ ചെന്നപ്പോൾ രാജ്യത്ത് അതിവൃഷ്ടി , അനാവൃഷ്‌ടി , അപമൃത്യു , വ്യാധികൾ മുതലായവകൊണ്ട് ജനങ്ങൾ വലയാൻ തുടങ്ങി . പല സൽകർമങ്ങൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ , ധർമിഷ്‌ഠനയാ ശതസോമൻ വിഷാദമഗ്നനായി, ഇനി എന്തുവേണ്ടു എന്ന ചിന്തയിലാണ്ടുപോയി. അങ്ങനെയിരിക്കെ ദേശാടനത്തിനിടയിൽ അഗസ്ത്യമുനി അവിടെയെത്തി . ശതസോമൻ മഹർഷിയെ സ്നേഹാദരപൂർവ്വം സ്വീകരിക്കുകയും ഔപചാരിതകളെലാം കഴിഞ്ഞപ്പോൾ തന്റേതും തന്റെ രാജ്യത്തിന്റെയും ദുരവസ്ഥകൾ വിവരിച്ചു കേൾപ്പിക്കുകയും സഹായമഭ്യര്ഥിക്കുകയും ചെയ്തു . കൈലാസത്തിൽ പോയി പരമശിവനെ പ്രീതിപ്പെടുത്തുക മാത്രമേ ഒരു പോംവഴിയുള്ളൂയെന്നും രാജ്യത്തു സംഭവച്ചിരിക്കുന്ന അനിഷ്ടങ്ങൾ കലിദോഷം കൊണ്ടാണെന്നും അഗസ്ത്യമുനി പറഞ്ഞു. ശിവഭക്തനായ ശതസോമൻ പരമശിവനെ തപസ്സുചെയ്യുവാനായി കൈലാസത്തിലേക്ക് യാത്ര പുറപ്പെട്ടു .

ഒരിക്കൽ സൂര്യഭഗവാൻ ഉഗ്രരൂപം പൂണ്ടവനായി മാറി. ദേവന്റെ തീജ്വാലകൾ പ്രപഞ്ചത്തെ വെണ്ണിറാക്കുമെന്ന അവസ്ഥയിലായി. ഭയചകിതരായ ദേവന്മാര് മഹാവിഷ്ണുവിനെ സമീപിച്ചു രക്ഷയ്ക്കായി അഭ്യർത്ഥിച്ചു. ഈ പ്രതിഭാസത്തിനു പരിഹാരം കാണാൻ തന്നെ കൊണ്ടാവില്ലെന്നും അത് പരമശിവന് മാത്രമേ സാധ്യമാകു എന്നും അവരോട് പറഞ്ഞു .. ദേവന്മാർ കൈലാസത്തിൽ ചെന്ന് പരമേശ്വരനോട് സങ്കടം ഉണർത്തിച്ചു . സൂര്യദേവന്റെ പത്നിമാരായ സംജ്ഞയ്ക്കും ഛായക്കും പോലും സൂര്യനോട് അടുക്കുവാൻ വയ്യാത്ത സ്ഥിതിവിശേഷം എത്തിയിരുന്നു.. മഹാദേവൻ സുര്യജ്വാലകളെ മൂന്ന് 'കല'കളാക്കി മാറ്റി. അനന്തരം ഈ കല കളെ ശിവലിംഗങ്ങളായി രൂപാന്തരപ്പെടുത്തി . സൂര്യൻ പൂർവസ്ഥിതി യിൽ ആയി. മഹാദേവൻ ഈ ശിവലിംഗങ്ങളെ പാർവതിക്ക് സമ്മാനിച്ചു . സന്തുഷ്ടയായ പാർവതീദേവി ഈ ശിവലിംഗങ്ങളെ നിത്യേനെ പൂജിച്ചു വന്നു.

കൈലാസത്തിലെത്തിയ ശതസോമൻ ശിവനെ തപസുചെയ്ത് പ്രീതിപ്പെടുത്തി . സംപ്രീതനായ പരമശിവൻ പ്രത്യക്ഷപെട്ടപ്പോൾ ശതസോമൻ തന്റെ സങ്കടങ്ങളും അഗസ്ത്യമുനിയുടെ ഉപദേശമെന്തായിരുന്നുവെന്നും ഉണർത്തിക്കുകയും ചെയ്തു . മഹാദേവൻ പാർവതിക്കു നൽകിയ മൂന്നു ശിവലിംഗങ്ങളിലൊന്ന് കുറേക്കാലം മുൻപ് മാന്ധാതാവിന് നൽകിയിരുന്നു. പിന്നെ കുറേക്കാലം ചെന്നപ്പോൾ ഒരെണ്ണം മുചുകുന്ദനും നൽകി. പരാമഭക്തനായ ശതസോമന്റെ വിഷമം കണ്ടപ്പോൾ അവശേഷിച്ച ശിവലിംഗം ശ്രീ പരമേശ്വരൻ ശതസോമന് കൊടുത്തു . ഇതിൽ പാർവതി ക്ഷുഭിതാനായി. ശതസോമൻ ദേവീസ്‌തുതികൾ ചൊല്ലി പാർവതീദേവിയെ സന്തോഷിപ്പിക്കുകയും പർവ്വതീപരമേശ്വരന്മാരുടെ അനുഗ്രഹത്തോടെ വിശിഷ്ടമായ ആ ശിവലിംഗം കോലത്തുനാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യ്തു .ഈ ശിവല്ലിംഗം പ്രതിഷ്ഠിക്കാൻ ശതസോമൻ തിരഞ്ഞെടുത്ത സ്ഥലം പവിത്രവും പാവനവുമായ ദേശവും പെരിഞ്ചേ ല്ലുർ ,ലക്ഷ്മിപുരം എന്നും മറ്റുമുള്ള നാമധേയങ്ങയോടുകൂടിയ തളിപ്പറമ്പായിരുന്നു. അവിടെ ക്ഷേത്രം നിർമിച്ച് യഥാവിധി പ്രതിഷ്ഠാകര്മം നടത്തി . അങ്ങനെ ക്ഷേത്രം നിർമിച്ച് പ്രതിഷ്‌ഠാകർമം നടത്തി . അങ്ങനെ , അതിപ്രസിദ്ധാമായാ തളിപ്പറമ്പ് ശ്രീ രാജരാജേശര ക്ഷേത്രം സ്ഥാപിതമായി .

ഹിമാലയത്തിൽ , ഗംഗാനദിയുടെ തീരാത്ത് കശ്യപമഹര്ഷി തപസുചെയ്യുന്നുണ്ടായിരുന്നു . ദാരികൻ എന്നൊരു അസുരൻ മഹർഷിയെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ശാന്തസ്വഭാവിയായിരുന്ന മഹർഷി കുറേയെലാം സഹിച്ചു. അവസാനം നിവർത്തിയില്ലാതെ വന്നപ്പോൾ നീ ഒരു ശവംതീനി പിശാചായിപ്പോകട്ടെയെന്ന് ശപിച്ചു . ഭയവിഹ്വലനായിത്തീർന്ന ധാരികൻ ശാപമോക്ഷത്തിനായി കേണപേഷിച്ചു . ഭദ്രകാളി തളിപ്പറമ്പിൽ എഴുന്നള്ളുമ്പോൾ പോരിന് വിളിക്കണം . ആ യുദ്ധത്തിൽ വച്ച് നിനക്ക് ശാപമോക്ഷം കിട്ടുമെന്ന് മഹർഷി ആശ്വസിപ്പിച്ചു .

മഹർഷിയുടെ നിർദ്ദേശപ്രകാരം , ധാരികൻ , തളിപ്പറമ്പിൽ അടുത്തുള്ള ഒരു ഘോരവനത്തിൽ പാർപ്പ് തുടങ്ങി . കാലം കുറച്ചു ചെന്നപ്പോൾ ഒരു ദിവസം , ദാരികന് ഭദ്രകാളി സാന്നിദ്യം മനസ്സിലാക്കി .മഹർഷി പറഞ്ഞതനുസരിച് ദേവിയെ പോരിനു വിളിക്കുകയും തുടർന്ന് ഒരു ഘോരയുദ്ധം നടക്കുകയും ചെയ്തു . ദേഹാമാസകാലം വെട്ടുകൊണ്ട് മരിക്കാറായ മാതിരി ആയപ്പോൾ കശ്യപ മഹർഷി പറഞ്ഞ കാര്യങ്ങൾ പറയുകയും ,ദാരികന് ശാപമോക്ഷം ലഭിച്ച് വീണ്ടും അസുരരൂപത്തെ പ്രാപിക്കുകയും ചെയ്തു.

പരാമഭക്തനായ ശതസോമനും തളിപ്പറമ്പിൽ ഭദ്രകാളീ സാന്നിധ്യഅനുഭവപ്പെട്ടു . അദ്ദേഹം ദേവിയെ സ്തുതിക്കുകയും തന്റെ രാജവംശത്തിന്റെ കോലസ്വാരൂപത്തിന്റെ സംരക്ഷയായി തളിപ്പറമ്പിൽ തന്നെ വസിക്കണമെന്നു കേണപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്തു പ്രീതിയായ ഭദ്രകാളി ശതസോമനെ അനുഗ്രഹിക്കുകയും അപേക്ഷ സ്വീകരിക്കയും ചെയ്തു . അതേ തുടർന്ന് , തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരഭാഗത്ത് ഭദ്രകാളിയെ പ്രതിഷ്‌ഠിച്ചു . അങ്ങനെ കൊലസ്വരൂപത്തിനു വാത്സല്യനിധിയായ ഒരു 'പരദേവതയെ' ലഭിച്ച് അനുഗൃഹീതമായി .

കാലം പിന്നെയും കടന്നുപോയി. ശതസോമന്റെ കാലവും കഴിഞ്ഞു. രാജാക്കന്മാരുടെ,കോലാത്തിരികളുടെ തലമുറകളും വന്നുപോയ്ക്കൊണ്ടിരുന്നു . അങ്ങനെ ഒരു സമയമെത്തിയപ്പോൾ, കേരളവർമ്മൻ എന്നൊരു രാജാവ് കോലത്തുനാട്‌ രാജാവ്, കോലത്തിരിയായി. പരമസ്വാത്വികനും ഭക്തനുമായ ഒരു രാജയായിരുന്നു കേരളവർമ്മൻ .ഒരു ദിവസം, വെളുക്കാറായ സമയത്ത് ഒരു സ്വപ്നമുണ്ടായി. വാത്സല്യഭാവത്തിൽ ഭഗവതി ഇപ്രകാരം അരുളിച്ചെയ്തു. 'നിങ്ങളെല്ലാം എന്നെ വളരെ ഭക്തിയോടും വാത്സല്യത്തോടും നോക്കുന്നുണ്ട് . എന്നാൽ ഞാൻ ഇപ്പോഴത്തെ പൂജകൊണ്ട് തൃപ്തയല്ല. എനിക്ക് ശാക്തേയപൂജ വേണം'. ഇത്രയും പറഞ്ഞ ശേഷം, ആ ദൃശ്യം മറഞ്ഞു്പോയി . കേരളവർമ്മൻ അസ്വസ്‌ഥനായി എഴുന്നേറ്റു. നേരം പുലർന്ന്, ദൈനംദിന കര്മങ്ങളിലേർപ്പെട്ടപ്പോൾ താൻ വെളുപ്പിനെ കണ്ടത് ഒരു സ്വപ്‌നം മാത്രമാന്നെന്നും കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹത്തിന് തോന്നി . എന്നാൽ പിറ്റേന്ന് വെളുപ്പിന് ഈ സ്വപ്‌നം വീണ്ടും ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് പരിഭ്രമമായി. ജ്യോത്സ്യന്മാരെ വിളിച്ച് പ്രശ്നം വച്ചപ്പോൾ കണ്ടതും,ഭഗവതി ശാക്തേയപൂജ ആവശ്യപെടുന്നു എന്നാണ് .ശാക്തേയപൂജയിൽ മദ്യമാംസാദികൾ ഉപയോഗിക്കുന്നതുകൊണ്ട് , തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ വച്ച് അത് നടത്താൻ നിവർത്തിയില്ല. അതുകാരണം, അതിനായി ഒരു സ്ഥാനം കണ്ടെത്തി ക്ഷേത്രം പണിത്, ദേവിയെ അവിടെ പ്രതിഷ്‌ഠിച്ച്, ശാക്തേയപൂജ നടത്തേണ്ടിവരും . കേരളവർമ്മ കോലത്തിരി , ദേവിക്ക് ക്ഷേത്രം പണിയുവാൻ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുവാൻ ജ്യോത്സ്യന്മാരോട് ആവശ്യപ്പെട്ടു. അവർ എത്ര പരിശ്രമിച്ചിട്ടും ഒരു സ്ഥലം കണ്ടെത്താനായില്ല .

കേരളവർമ്മ കോലത്തിരി വളരെ വിഷണ്ണനായി. ദേവിക അപ്രിയമായി വല്ലതും ചെയ്തുപോയിട്ടുണ്ടോ, ദേവി കോൽപിച്ചിരിക്കയാണോ, അതുകൊണ്ടാണോ ക്ഷേത്രം പണിയുവാനുള്ള സ്ഥലം എത്ര പരിശ്രമിച്ചിട്ടും ജ്യോത്സ്യന്മാർക്ക് കണ്ടെത്താനാകാതെ വരുന്നത്. ഇത്തരം ചിന്തകൾ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാണ്ട് അലട്ടി. ഊണും'ഉറക്കവുമില്ലാതെ ദിവസങ്ങൾ രണ്ടു കഴിഞ്ഞു . മൂന്നാം ദിവസം വെളുപ്പിനെ കോലത്തിരിക്ക് വീണ്ടും ഒരു സ്വപനമുണ്ടായി. ഒന്നുകൊണ്ടും വിഷമിക്കേണ്ട സ്ഥലം ഞാൻ കാട്ടിത്തരാം,ഇതായിരുന്നു സ്വപ്നം. രാജാവ് ഭക്തപരവശ്യനായി എന്ന് പറയേണ്ടതില്ലല്ലോ . നേരം പുലർന്നതോടെ രാജാവ് കുളിച്ച് സന്ധ്യാവന്ദനാദികളും കഴിഞ്ഞ ശേഷം ബ്രാഹ്മണശ്രേഷ്‌ഠരും ജോതിഷികളും നാട്ടുപ്രമാണിമാരുമൊക്കെയായി , തളിപ്പറമ്പ ശ്രീ രാജരാജക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര സമീപത്തുള്ള ഭഗവതി ക്ഷേത്രത്തിനു മുൻപിലെത്തി . തന്റെ കുടുംബ പരദേവതയായ ഭഗവതിക്ക് ശാകേതായ പൂജ നടത്തുവാൻ ആവശ്യമായ ഒരു സ്ഥലം ദേവിതന്നെ കാണിച്ചു തരണേ എന്ന പ്രാർഥനയോടെ രാജാവും പരിവാരങ്ങളും ആ ക്ഷേത്ര സന്നിധിയിൽ തന്നെ നിന്നു .പെട്ടെന്നാണ് അതു സംഭവിച്ചത് . ക്ഷേത്രനടയ്ക്ക് മുൻപിൽ നിന്നവരുടെ കൂട്ടത്തിൽ വെളിച്ചപ്പാടുമുണ്ടായിരുന്നു . പെട്ടെന്ന് അദ്ദേഹത്തിന് അനുഗ്രഹമുണ്ടാവുകയും ഉറഞ്ഞു തുള്ളി, അലർച്ചയോടെ തിടപ്പള്ളിയിലേക്ക് ഓടിക്കയറുകയും ചെയ്തു.അൽപനിമിഷങ്ങൾക്കകം കത്തിയെറിഞ്ഞുകൊണ്ടിരുന്ന ഒരു വലിയ വിറകുകൊള്ളിയുമായി ഭഗവതി നടയിലെത്തുകയും അവിടെ നിന്നും ഏഴിമലയുടെ അഗ്നികോൺ നോക്കി ആ വിറകുകൊള്ളി എറിയുകയും ചെയ്തു. ദിവ്യശക്തിയോടെ എറിഞ്ഞ ആ വിറകുകൊള്ളി, ആകാശത്തിലൂടെ പറന്ന് ഒരു കാനന മധ്യത്തിൽ ചെന്ന് പതിച്ചു.അത് വീണയുടൻ തന്നെ കാടിന് തീപിടിക്കുകയും ആ കാട്ടുതീയിൽ ചുറ്റുമുള്ള കാടെല്ലാം ഒരു ചുള്ളികമ്പുപോലും ഇല്ലാതെ വെന്തു വെണ്ണീറായി ചാരനിറം മാത്രമുള്ള ചാമ്പലിന്റെ ഒരു തടാകമായി മാറുകയും ചെയ്തു .

ദൂരെ വിറകു ചെന്ന് വീഴുന്നതു കണ്ട സ്ഥലത്തുനിന്നും പുക ഉയരുന്നത് കണ്ടപ്പോൾ രാജാവും പരിവാരങ്ങളും ആ ദിക്കിനെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു . അവിടെയെത്തിയപ്പോൾ കാടെരിഞ്ഞ ചൂട് കാരണം ആ പ്രദേശത്തേക്ക് കടക്കാനാകാതെ കുറച്ച് ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു'. ചൂടെല്ലാം ആറിക്കഴിഞ്ഞപ്പോൾ , കത്തിച്ചാമ്പലായ ആ വാനപ്രദേശത്തു പ്രവേശിച്ച് നടക്കാൻ തുടങ്ങി . അൽപം മുൻപോട്ടുപോയപ്പോൾ ആ ചാമ്പൽ തടാകത്തിൽ കത്തിക്കരിയാതെ കൃഷ്‌ണവർണത്തിൽ കിടന്നിരുന്ന ഏകവസ്തു, വെളിച്ചപ്പാട് എറിഞ്ഞ ആ വിറകുകൊള്ളിയായിരുന്നു . ക്ഷേത്രം പണിയേണ്ട സ്ഥാനം അതെന്നെന്നും അത് ദേവിതന്നെ കാട്ടിത്തന്ന സ്ഥാനമാണെന്നും രാജാവിനും പരിവാരങ്ങൾക്കും മനസിലായി . അതേ തുടർന്ന് അവിടെ ക്ഷേത്രം പണിയുകയും തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും ദേവിയെ ആവാഹിച്ച് വനമധ്യത്തിൽ നിർമിച്ച പുതിയ ക്ഷേത്രത്തിൽ ഭഗവതിയെ പ്രതിഷ്‌ഠിക്കുകയും ചെയ്തു. 'വിറക് ' വെളിച്ചപ്പാടിന് അനുഗ്രഹം കിട്ടിയതിനു ശേഷം എടുത്ത വിറക്ക് , ദേവി തന്നെ എടുത്ത വിറക് അതുകൊണ്ട് 'തിരുവിറക് '. തിരുവിറക് കാട്ടിയ സ്ഥാനത്തു പണിത ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന് 'തിരുവിറക് കാട്ടിയ കാവ് ' എന്ന നാമധേയം ലഭിക്കുകയും പ്രസിദ്ധമാവുകയും ചെയ്തു. തലമുറകളിൽക്കൂടി കടന്നുവരുമ്പോൾ നാമങ്ങളുടെ ശബ്ദരൂപങ്ങൾക്ക് വ്യത്യാസം വരുന്നത് സാധാരണയാണല്ലോ . ഇന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നത് . 'തിരുവർകാട്ടുകാവ്‌ ', 'തുരുവിറകട്ട് കാവ് ' എന്ന പേരുകളിലാണ്. മടായി ദേശത്തു സ്ഥതിചെയ്യുന്നതുകൊണ്ട് 'മാടായിക്കാവ് ' എന്ന പേരിലും പ്രസിദ്ധമാണ് .